Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grayhydrogen

ചെമ്മീൻ തിന്നോളൂ; പുറന്തോട് കളയരുത്, കരയിൽ മാത്രമല്ല, ആകാശത്തു പറക്കാനുള്ള ഇന്ധനവുമുണ്ടാക്കാം

ചെമ്മീൻ പുറന്തോടിനെ തൃണവൽഗണിക്കരുത്! ഭാവിയിൽ ആകാശത്തും ജലത്തിലും കരയിലും വാഹനങ്ങൾക്കു കുതിച്ചുപായാനുള്ള 'ഇന്ധന'മാക്കി ജൈവമാലിന്യങ്ങളെ മാറ്റാമെന്നു കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. അവിശ്വസനീയമായി തോന്നാം, എന്നാൽ ഭാവിയിൽ അതു സംഭവിക്കുകതന്നെ ചെയ്യും! സിംഗപുരിലെ ന​ന്യാംഗ് ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗവേഷകരാണു പദ്ധതിക്കു പിന്നിൽ. ആ​ഗോ​ള​താ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യം. ചെമ്മീൻ പു​റ​ന്തോ​ടുപോലുള്ള ജൈവമാ​ലി​ന്യ​ങ്ങ​ളെ ഹൈ​ഡ്ര​ജ​ൻ വാ​ത​കം, പ്രോ​ട്ടീ​ൻ സ​മൃ​ദ്ധ​മാ​യ ഭക്ഷ്യവസ്തുക്കൾ, ബ​യോ​ജ​നി​ക് കാ​ത്സ്യം കാ​ർ​ബ​ണേ​റ്റ് എ​ന്നി​വ​യാ​ക്കി മാ​റ്റു​ന്ന നൂതന സാങ്കേതിക വിദ്യയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നു ഗവേഷകർ അഭിപ്രായപ്പെട്ടു.

ജൈവമാലിന്യങ്ങളിൽനിന്നു ദേ​ഷ​ക​ര​മ​ല്ലാ​ത്ത 'കാ​ർ​ബ​ൺ നെ​ഗ​റ്റീ​വ് ഹൈ​ഡ്ര​ജ​ൻ' ആണ് ഉ​ത്പാ​ദി​പ്പിച്ചത്. മാ​ത്ര​മ​ല്ല, ഈ ​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യുണ്ടാകുന്ന ക​ൾ​ച്ചേ​ർ​ഡ് പ്രോ​ട്ടീ​ൻ വളർത്തുമത്സ്യ മേഖലയിൽ ഭക്ഷ്യവസ്തുവായി ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. കൂടാതെ, കാ​ത്സ്യം കാ​ർ​ബ​ണേ​റ്റ് സി​മന്‍റ് ഉ​ത്പാ​ദ​ന​ത്തി​ന് ഉപയോഗിക്കാം. ഇതു പാ​റ ഖ​ന​നം കു​റ​യ്ക്കാ​നും ചെലവു നിയന്ത്രിക്കാനും സ​ഹാ​യി​ക്കും.

ചെമ്മീനുകളുടെ പുറന്തോട് അ​ര​ച്ചു ക​ട്ടി​യു​ള്ള മി​ശ്രി​ത​മാ​ക്കു​ന്നു. 'ബോ​ൾ മി​ല്ലിംഗ്' സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഇ​തി​ൽനി​ന്ന് കാ​ത്സ്യം കാ​ർ​ബ​ണേ​റ്റ് വേ​ർ​തി​രി​ക്കു​ന്നു. ബാ​ക്കി വ​രു​ന്ന ഓ​ർ​ഗാ​നി​ക് ആ​സി​ഡു​ക​ളും അ​മോ​ണി​യ​യും ഇ​ലക്‌ട്രൊലൈ​സ​റി​ലേ​ക്കു മാ​റ്റു​ന്നു. സോ​ളാ​ർ പാ​ന​ലു​ക​ളി​ൽ നി​ന്നു​ള്ള ഊ​ർജം ഉ​പ​യോ​ഗി​ച്ച് ഇ​ലക്‌ട്രൊലൈ​സി​സ് ന​ട​ത്തു​മ്പോ​ൾ ഹൈ​ഡ്ര​ജ​ൻ വാ​ത​കം വേ​ർ​തി​രി​യുന്നു. ബാ​ക്കി​വ​രു​ന്നതിലേക്കു ഫോ​ട്ടോ​ട്രോ​പ്പി​ക് പ​ർ​പ്പി​ൾ ബാ​ക്ടീ​രി​യ​ക​ളെ ചേ​ർ​ത്ത് ബ​യോ​റി​യാ​ക്ട​റി​ൽ ഫെ​ർ​മെന്‍റേ​ഷനു വി​ധേ​യ​മാ​ക്കു​ന്നു. ഇ​തിനെ ഉ​യ​ർ​ന്ന അളവിൽ പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാക്കി മാറ്റിയെടുക്കുന്നു.

ഭാ​വി പ്ര​തീ​ക്ഷ​ക​ൾ
പരീക്ഷണഘട്ടങ്ങളിൽ അറുപതു മിനിറ്റിൽ പതിനാല് ലിറ്റർ ഹൈഡ്രജൻ വാതകം ഉത്പാദിക്കാൻ ഗവേഷകർക്കു കഴിഞ്ഞു. നി​ല​വി​ലെ ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യോളം കാ​ര്യ​ക്ഷ​മ​തയാണുള്ളതെങ്കിലും, ഉ​ത്പാ​ദ​നനി​ര​ക്കു വ​ർ​ധി​പ്പി​ക്കു​കയാണെങ്കിൽ സാന്പത്തിക നേട്ടമായിത്തീരും. ഹൈ​ഡ്ര​ജ​നോ​ടൊ​പ്പം കാ​ത്സ്യം കാ​ർ​ബ​ണേ​റ്റും പ്രോ​ട്ടീ​നും വി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​ത് ചെ​ല​വു​കൾ ക്ര​മീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് വാ​ഷിം​ഗ്ട​ണി​ലെ മോ​ഡേ​ൺ ഹൈ​ഡ്ര​ജ​ൻ ക​മ്പ​നി​യി​ലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ചെമ്മീൻ പുറന്തോടു മാത്രമല്ല, കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, പു​ല്ല്, ചോ​ളം, ഷു​ഗ​ർ, മ​ദ്യ നി​ർമാ​ണശാ​ല​ക​ളി​ൽ നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ തുടങ്ങിയവയും ഉപയോഗിക്കാമെന്നു ഗവേഷകർ പറഞ്ഞു. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യ കി ​ഹൈ​ഡ്ര​ജ​ൻ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര ക​മ്പ​നി​ക​ൾ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നുള്ള ലൈസൻസ് നേടിയിട്ടുണ്ട്.

Latest News

Corehub Up